13 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവനെ സേവിക്കുകയും ചെയ്തുകൊണ്ട് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന എന്റെ കല്പനകൾ[~1~] ജാഗ്രതയോടെ അനുസരിച്ചാൽ 14 ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാൻ തക്കസമയത്ത് നിങ്ങളുടെ ദേശത്തിന് ആവശ്യമായ മുൻമഴയും പിൻമഴയും പെയ്യിക്കും. 15 ഞാൻ നിന്റെ നിലത്ത് നിന്റെ നാൽക്കാലികൾക്ക് പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും. 16 നിങ്ങളുടെ ഹൃദയത്തിന് ഭോഷത്തം പറ്റുകയും നിങ്ങൾ നേർവഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. 17 അല്ലെങ്കിൽ യഹോവയുടെ ക്രോധം നിങ്ങളുടെനേരെ ജ്വലിച്ച് മഴ പെയ്യാതെ അവൻ ആകാശം അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്ക് തരുന്ന നല്ലദേശത്തുനിന്ന് നിങ്ങൾ വേഗം നശിച്ചുപോവുകയും ചെയ്യും. 18 ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്ക് മദ്ധ്യത്തിൽ നെറ്റിപ്പട്ടമായി ധരിക്കുകയും വേണം. 19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കൾക്ക് അവ ഉപദേശിച്ചുകൊടുക്കേണം. 20 യഹോവ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് അവരോട് സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന് 21 അവ നിന്റെ വീടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതണം. 22 ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോട് ചേർന്നിരിക്കുകയും ചെയ്താൽ 23 യഹോവ ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയും; നിങ്ങളേക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും. 24 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങളുടേതാകും. നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും യൂഫ്രട്ടീസ് നദിമുതൽ പടിഞ്ഞാറെ കടൽ വരെയും ആകും. 25 ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്‍ക്കുകയില്ല. നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെക്കുറിച്ചുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
26 ഇതാ, ഞാൻ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 27 ഇന്ന് ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും 28 അവിടുത്തെ കല്പനകൾ അനുസരിക്കാതെ ഇന്ന് ഞാൻ നിങ്ങളോട് കല്പിക്കുന്ന വഴി വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ എത്തിച്ചശേഷം, ഗെരിസീം മലയിൽവച്ച് അനുഗ്രഹവും ഏബാൽ മലയിൽവച്ച് ശാപവും പ്രസ്താവിക്കണം. 30 ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാന്‍ നദിക്കക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്. 31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങൾ യോർദ്ദാൻ നദി കടന്നുചെന്ന് അതിനെ കീഴടക്കി അവിടെ വസിക്കും. 32 ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കണം.
<- ആവർത്തനപുസ്തകം 10ആവർത്തനപുസ്തകം 12 ->*11. 13 എന്റെ കല്പനകൾ ദൈവത്തിന്റെ കല്പനകള്