9 പിന്നെ, ഏഴ് ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചകൾ എണ്ണണം. 10 അതിനുശേഷം നിന്റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കണം. 11 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കണം. 12 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കണം.
13 കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴ് ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കണം. 14 ഈ പെരുന്നാളിൽ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കണം. 15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കണം; നിന്റെ എല്ലാ വിളവുകളിലും, നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കണം. 16 നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ സംവത്സരത്തിൽ മൂന്നുപ്രാവശ്യം അവന്റെ സന്നിധിയിൽ വരണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറും കയ്യോടെ വരരുത്. 17 നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവനവന്റെ പ്രാപ്തിപോലെ കൊണ്ടുവരണം.
18 നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യണം. 19 ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു. 20 നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശം കൈവശമാക്കുന്നതിന് നീതിയെ തന്നേ പിന്തുടരണം.
21 നിന്റെ ദൈവമായ യഹോവയ്ക്ക് നീ പണിയുന്ന യാഗപീഠത്തിനരികിൽ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്. 22 നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.
<- ആവർത്തനപുസ്തകം 15ആവർത്തനപുസ്തകം 17 ->