1 എസ്രാ ഇങ്ങനെ ദൈവാലയത്തിനുമുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ഇസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി; അവരും വളരെ ദുഃഖത്തോടെ കരഞ്ഞു. 2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രായോടു പറഞ്ഞു: “നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു. ഞങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കിടയിൽനിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംചെയ്തിരിക്കുന്നു. എന്നാൽ ഈ കാര്യമൊഴിച്ച് ഇസ്രായേലിന് ഇനിയും പ്രത്യാശയ്ക്കു സാധ്യതയുണ്ട്. 3 ഇപ്പോൾ ആ സ്ത്രീകൾ എല്ലാവരെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കൽപ്പന ഭയക്കുന്നവരുടെയും തീരുമാനപ്രകാരം നീക്കിക്കളയാൻ നമ്മുടെ ദൈവത്തോടു നാം ഒരു ഉടമ്പടി ചെയ്യുക; അതു ന്യായപ്രമാണത്തിന്ന് അനുസൃതമായിത്തന്നെ നടക്കട്ടെ. 4 എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”
5 അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു. 6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. പ്രവാസികളുടെ അവിശ്വസ്തതനിമിത്തം അദ്ദേഹം വിലപിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ ആ രാത്രി താമസിച്ചു.
7 അതിനുശേഷം അവർ സകലപ്രവാസികളും ജെറുശലേമിൽ വന്നുകൂടണമെന്ന് യെഹൂദ്യയിലും ജെറുശലേമിലും ഒരു പ്രഖ്യാപനംനടത്തി. 8 പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു.
9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിന്നകം ജെറുശലേമിൽ വന്നുകൂടി; അത് ഒൻപതാംമാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വലിയ മഴനിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു. 10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു: “നിങ്ങൾ അവിശ്വസ്തത കാണിച്ച് ഇസ്രായേലിന്റെ കുറ്റം വർധിപ്പിക്കേണ്ടതിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്നു. 11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവിടത്തെ ഇഷ്ടം അനുസരിച്ചു ചുറ്റുപാടുള്ളവരോടും യെഹൂദരല്ലാത്ത ഭാര്യമാരോടും വേർപെടുക” എന്നു പറഞ്ഞു.
12 അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: “അങ്ങ് ഞങ്ങളോടു പറഞ്ഞ വാക്കുപോലെതന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതാകുന്നു. 13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നിൽക്കാൻ ഞങ്ങൾക്കാവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കുകയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല. 14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യംനിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ നേതാക്കന്മാരും ന്യായാധിപതിമാരും നിശ്ചയിക്കുന്ന സമയങ്ങളിൽ വരികയും ചെയ്യട്ടെ.” 15 അതിന് അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയാവുംമാത്രം വിരോധം പറഞ്ഞു; ലേവ്യരായ മെശുല്ലാമും ശബ്ബെഥായിയും അവരെ താങ്ങിപ്പറഞ്ഞു.
16 അങ്ങനെ പ്രവാസികൾ, ആ തീരുമാനംപോലെതന്നെ ചെയ്തു: എസ്രാപുരോഹിതൻ ഓരോ പിതൃഭവനത്തിൽനിന്നുമായി ചില കുടുംബത്തലവന്മാരെ പേരുപേരായി തെരഞ്ഞെടുത്തു, അവർ ഈ കാര്യം അന്വേഷിക്കുന്നതിനു പത്താംമാസം ഒന്നാം തിയ്യതി യോഗംകൂടി. 17 യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാംമാസം ഒന്നാംതീയതിതന്നെ തീർപ്പാക്കി.
-
a മൂ.ഭാ. യാസൂ, 38 ബാനി, ബിന്നു
b അഥവാ, വിവാഹംകഴിച്ചിരുന്നു; അവരെ അവരുടെ മക്കളോടൊപ്പം പറഞ്ഞയച്ചു.