ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക!
അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ.
ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്;
അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
7 ബാബേൽ യഹോവയുടെ കൈയിൽ
സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു.
രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു;
അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.
അവളെക്കുറിച്ചു വിലപിക്കുക!
അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക;
ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,
എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല;
നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം,
കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു,
സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
10 “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു;
വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി
നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക,
പരിചകൾ എടുക്കുക!
യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു,
കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ.
യഹോവ പ്രതികാരംചെയ്യും,
അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക!
കാവൽ ശക്തിപ്പെടുത്തുക,
കാവൽക്കാരെ നിർത്തുക,
പതിയിരിപ്പുകാരെ നിയമിക്കുക!
ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ
അവിടന്ന് നിശ്ചയമായും നിറവേറ്റും.
13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന
വളരെ നിക്ഷേപങ്ങളുള്ള ദേശമേ,
നിന്റെ അവസാനം വന്നിരിക്കുന്നു,
നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു:
തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും,
അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.
അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,
തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.
അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;
ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
18 അവ മിഥ്യയും അപഹാസപാത്രവുമാണ്;
അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
അവിടത്തെ അവകാശജനതയുടെമാത്രമല്ല,
സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
20 “നിങ്ങൾ എന്റെ ഗദയും
യുദ്ധത്തിനുള്ള ആയുധവുമാണ്;
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു,
നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
24 “ബാബേലും ബാബേലിലെ[e] എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും
അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും;
അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”
എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും,
അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും;
അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും,
രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം. 60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി. 61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം. 62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം. 63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം. 64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.”