Languages

1 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും. 2 തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും. 3 ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’

പാപവും അതിന്റെ ശിക്ഷയും

4 “നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ?
അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?
5 ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്?
ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്?
അവർ വഞ്ചന മുറുകെപ്പിടിക്കുന്നു;
മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?
6 ഞാൻ ശ്രദ്ധയോടെ കേട്ടു,
എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല.
“ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ്
ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല.
കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ
ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.
7 ആകാശത്തിലെ പെരിഞ്ഞാറ
തന്റെ സമയം അറിയുന്നു;
കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും
മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു.
എന്നാൽ എന്റെ ജനം
യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.
 
8 “ ‘ഞങ്ങൾ ജ്ഞാനികൾ, യഹോവയുടെ ന്യായപ്രമാണം ഞങ്ങൾക്കുണ്ട്,’
എന്നു നിങ്ങൾ പറയുന്നത് എങ്ങനെ?
ഇതാ, എഴുത്തുകാരുടെ വ്യാജംനിറഞ്ഞ തൂലിക
അതിനെയും വ്യാജമാക്കി മാറ്റിയിരിക്കുന്നു.
9 ജ്ഞാനികൾ ലജ്ജിതരാക്കപ്പെടും;
അവർ നിരാശരാകുകയും കെണിയിലകപ്പെടുകയും ചെയ്യും.
അവർ യഹോവയുടെ വചനം തിരസ്കരിച്ചതുകൊണ്ട്,
അവരിൽ എന്തു ജ്ഞാനമാണുള്ളത്?
10 അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും
അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും.
ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ
സകലരും ദ്രവ്യാഗ്രഹികളാണ്;
പ്രവാചകന്മാരും പുരോഹിതന്മാരും
ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
11 സമാധാനം ഇല്ലാതിരിക്കെ
‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്,
അവർ എന്റെ ജനത്തിന്റെ മുറിവുകൾ
ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
12 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?
ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല;
നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല.
അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും;
ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും,
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
 
13 “ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും,
എന്ന് യഹോവയുടെ അരുളപ്പാട്.
മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല.
അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല,
അതിന്റെ ഇലയും വാടിപ്പോകും.
ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം
വേഗംതന്നെ നഷ്ടപ്പെട്ടുപോകും.[a]’ ”
 
14 നാം ഇവിടെ ഇരിക്കുന്നത് എന്തിന്?
കൂടിവരിക!
നാം ഉറപ്പുള്ള പട്ടണങ്ങളിലേക്കു ചെല്ലുക
അവിടെ നശിച്ചുപോകുക!
നാം അവിടത്തോടു പാപം ചെയ്യുകയാൽ
നമ്മുടെ ദൈവമായ യഹോവ നമ്മെ നാശത്തിന് ഏൽപ്പിക്കുകയും
നമുക്കു കുടിക്കാൻ വിഷജലം നൽകുകയും ചെയ്തിരിക്കുന്നു.
15 നാം സമാധാനത്തിനായി കാത്തിരുന്നു
എന്നാൽ ഒരു നന്മയും ഉണ്ടായില്ല,
രോഗശാന്തിക്കായി കാത്തിരുന്നു
എന്നാൽ ഇതാ, ഭീതിമാത്രം.
16 ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം
ദാനിൽനിന്ന് കേൾക്കുന്നു;
ആൺകുതിരകളുടെ ചിനപ്പുകൊണ്ടു
നാടുമുഴുവൻ നടുങ്ങുന്നു.
ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും
പട്ടണത്തെയും അതിൽ വസിക്കുന്നവരെയും
വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.
 
17 “ഞാൻ വിഷസർപ്പങ്ങളെയും
മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും,
അവ നിങ്ങളെ കടിക്കും,”
എന്ന് യഹോവയുടെ അരുളപ്പാട്.
 
18 ദുഃഖത്തിൽ എന്റെ ആശ്വാസകനേ![b]
എന്റെ ഹൃദയം തകർന്നിരിക്കുന്നു.
19 ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി
ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു:
“യഹോവ സീയോനിൽ ഇല്ലയോ?
അവളുടെ രാജാവ് അവിടെയില്ലയോ?”
 
“അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും
അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”
 
20 “കൊയ്ത്തു കഴിഞ്ഞു,
ഗ്രീഷ്മകാലവും അവസാനിച്ചു,
എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”
 
21 എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു;
ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.
22 ഗിലെയാദിൽ ഔഷധലേപനം ഇല്ലേ?
അവിടെ വൈദ്യനില്ലേ?
എന്റെ ജനത്തിന്റെ മുറിവിന്
സൗഖ്യം വരാത്തത് എന്തുകൊണ്ട്?

<- യിരെമ്യാവ് 7യിരെമ്യാവ് 9 ->